പുരസ്‌കാരങ്ങള്‍ കിട്ടിയവര്‍ ചാനലുകളായ ചാനലുകളില്‍ നേരത്തകരുതിക്കൂട്ടിയ സന്തോഷങ്ങള്‍ പങ്ക്‌ വച്ചപ്പോള്‍, അതിനൊന്നും സാധിക്കാതെ, ഒരവാര്‍ഡും കിട്ടാതെ വന്നവര്‍ ശരിക്കും വിഷമിച്ചു. ഞാനൊക്കെ ഇരിക്കുമ്പോള്‍ അവരൊക്കെ അവാര്‍ഡ്‌ വാങ്ങിക്കാറായോ എന്നാണ്‌ ചിലരുടെ ഭാവം. എന്തായാലും സംസ്ഥാന അവാര്‍ഡ്‌ പ്രഖ്യാപിച്ചു. എല്ലാത്തവണത്തേയും പോലെ വിവാദവുമുണ്ടായി.
അവാര്‍ഡ്‌ ചിത്രങ്ങളെന്ന്‌ മുദ്രകുത്തപ്പെട്ടിരുന്ന ചിത്രങ്ങള്‍ ഏറെ പിന്നിലായിപ്പോയി. പകരം ജനപ്രിയ ചിത്രങ്ങളും അതിലെ സംവിധായകരും ഒന്നാമതെത്തി. ചെര്‍മാനായ ഐ.വി. ശശി ഉള്‍പ്പെടെ സിബിമലയില്‍ തുടങ്ങി ജ്യൂറിയിലെ മിക്ക അംഗങ്ങളും ജനപ്രിയ സംവിധായകരും. അവിടെനിന്നും തുടങ്ങി വിവാദം.
പ്രശസ്‌ത സംവിധായകനായ ടി.വി. ചന്ദ്രന്‍ ഐ.വി. ശശിയെ കണക്കിന്‌ പരിഹസിച്ചു. നല്ലസിനിമയെന്തെന്നറിയാത്തവര്‍ നോക്കിയാല്‍ ഇങ്ങനെയിരിക്കുമെന്നാണ്‌ ടി.വി. ചന്ദ്രന്‍ പറയുന്നത്‌. ഇതിന്‌ ജനങ്ങള്‍ മറുപടി പറയുമെന്നാണ്‌ ഐ.വി. ശശി പറയുന്നത്‌. മാത്രവുമല്ല തന്റെ സിനിമ കണ്ടില്ലെന്ന പരാതിയും ടി.വി. ചന്ദ്രന്‍ ഉന്നയിക്കുന്നു. അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ജനങ്ങളുടെ പ്രിയ സിനിമയായി തെരഞ്ഞെടുത്ത ഷട്ടറിന്റെ സംവിധായകനായ ജോയ്‌ മാത്യുവിനും പരാതി ഏറെയാണ്‌. ജനങ്ങള്‍ വിധിയെഴുതിയ തന്റെ ചിത്രത്തെ അഞ്ചാറുപേര്‍ ചേര്‍ന്ന ജ്യൂറിക്കെങ്ങനെ തള്ളാന്‍ കഴിഞ്ഞെന്നാണ്‌ ജോയ്‌ മാത്യു ചോദിക്കുന്നത്‌.
കാര്യമെന്തായാലും സിനിമാമന്ത്രി ഗണേഷ്‌ കുമാര്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചു. കമല്‍ സംവിധാനം ചെയ്‌ത സെല്ലുലോയിഡ്‌ 7 പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. എല്ലാവരാലും തഴയപ്പെട്ട പൃഥ്വിരാജ്‌ മികച്ച നടനുമായി.
മലയാള സിനിമയ്ക്ക് തുടക്കമിട്ട ജെ.സി.ഡാനിയേലിന്റെ ജീവിത കഥ പ്രമേയമാക്കിയ ‘സെല്ലുലോയ്ഡി’ന് 2012-ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം. ലാല്‍ ജോസാണ് (അയാളും ഞാനും തമ്മില്‍) മികച്ച സംവിധായകന്‍ . പൃഥ്വിരാജ് (സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ ) മികച്ച നടനായും റിമ കല്ലിങ്കല്‍ (നിദ്ര, 22 ഫിമെയ്ല്‍ കോട്ടയം) നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 
മധുപാല്‍ സംവിധാനം ചെയ്ത ‘ഒഴിമുറി’ യാണ് മികച്ച രണ്ടാമത്തെ ചിത്രം. ‘കളിയച്ഛന്‍’ എന്ന സിനിമയിലൂടെ മൂന്നാം വട്ടം മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മനോജ് കെ.ജയനെ തേടിയെത്തി. ‘ഷട്ടറി’ലെ അഭിനയത്തിന് സജിതാ മഠത്തില്‍ രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 
‘അയാളും ഞാനും തമ്മിലെ’ പ്രകടനത്തിന് സലിം കുമാര്‍ ഹാസ്യനടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ഈ ചിത്രം ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രവുമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം പ്രേം പ്രകാശാണ് നിര്‍മിച്ചത്. അഞ്ജലി മേനോന് (മഞ്ചാടിക്കുരു) തിരക്കഥയ്ക്കും റഫീക്ക് അഹമ്മദിന് ഗാനരചനയ്ക്കും (സ്പിരിറ്റിലെ ‘മഴ കൊണ്ട് മാത്രം…’), എം.ജയചന്ദ്രന് (സെല്ലുലോയ്ഡിലെ കാറ്റേ…കാറ്റേ…) സംഗീത സംവിധാനത്തിനും മധു നീലകണ്ഠന് ഛായാഗ്രഹണത്തിനും (അന്നയും റസൂലും) പുരസ്‌കാരങ്ങള്‍ ലഭിച്ചു. വിജയ് യേശുദാസാണ് മികച്ച ഗായകന്‍ (അകലെയോ നീ… -ഗ്രാന്‍റ് മാസ്റ്റര്‍, മഴകൊണ്ട് മാത്രം…-സ്പിരിറ്റ്). സിതാര മികച്ച ഗായികയായി (ഏനുണ്ടോടീ അമ്പിളിച്ചന്തം-സെല്ലുലോയ്ഡ്). ‘സെല്ലുലോയ്ഡി’ലെ കാറ്റേ…. കാറ്റേ…എന്ന ഗാനം പാടിയ വൈക്കം വിജയലക്ഷ്മിയും ശ്രീറാമും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
ബിജിബാലിന് പശ്ചാത്തല സംഗീതത്തിനുള്ള (കളിയച്ഛന്‍, ഒഴിമുറി) പുരസ്‌കാരം ലഭിച്ചു. ഫറൂഖ് അബ്ദുറഹ്മാന്‍ (കളിയച്ഛന്‍) മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഏറെ വിവാദം സൃഷ്ടിച്ച ‘പാപ്പിലിയോ ബുദ്ധ’ സംവിധാനം ചെയ്ത ജയിന്‍ ചെറിയാന്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനായി. ഈ ചിത്രത്തില്‍ അഭിനയിച്ച സരിതയ്ക്ക് ജൂറി പരാമര്‍ശം ലഭിച്ചു. മറ്റ് പുരസ്‌കാരങ്ങള്‍ :കഥാകൃത്ത്-മനോജ് കാന (ചായില്യം), ബാലതാരങ്ങള്‍- 1.മാസ്റ്റര്‍ മിനോണ്‍ (101 ചോദ്യങ്ങള്‍), 2. വൈജയന്തി (മഞ്ചാടിക്കുരു), ചിത്ര സംയോജകന്‍- ബി.അജിത് കുമാര്‍ (അന്നയും റസൂലും), കലാസംവിധായകന്‍-സുരേഷ് കൊല്ലം (സെല്ലുലോയ്ഡ്), ശബ്ദലേഖകന്‍ -എം.ആര്‍.രാജകൃഷ്ണന്‍ (മഞ്ചാടിക്കുരു), കളറിസ്റ്റ്- ജയദേവ് (അന്നയും റസൂലും), മേക്കപ്പ് മാന്‍- എം.ജി.റോഷന്‍ (മായാമോഹിനി), വസ്ത്രാലങ്കാരം-എസ്.ബി.സതീഷ് (ഒഴിമുറി, സെല്ലുലോയ്ഡ്), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ഫീമെയില്‍)- വിമ്മി മറിയം ജോര്‍ജ് ( നിദ്ര), സിനിമാ ഗ്രന്ഥം- സിനിമയുടെ നോട്ടങ്ങള്‍ (കെ.ഗോപിനാഥ്), ലേഖനം-നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങള്‍ (ഡോ.അജു കെ.നാരായണന്‍, കെ.ഷെറി ജേക്കബ്), പ്രത്യേക ജൂറി അവാര്‍ഡ്-ലേഖനം: ശേഷം വെള്ളിത്തിരയില്‍ (കിരണ്‍ രവീന്ദ്രന്‍ ). 84 ചിത്രങ്ങളാണ് ഇക്കുറി ജൂറിക്ക് മുമ്പിലെത്തിയതെന്ന് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. 
 


 

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.