സംവിധായകന്‍ കമലിന്റെ പുതിയ ചിത്രമായ സെല്ലുലോയ്ഡിന് വിതരണക്കാരുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സിനിമാ സമരം നടന്നതിനിടെ കമല്‍ സ്വപ്നസഞ്ചാരി എന്ന സിനിമ റിലീസ് ചെയ്തതുമായി ബന്ധപ്പെട്ടാണ് വിലക്കിന് കാരണം. സ്വപ്നസഞ്ചാരിക്ക് ശേഷം കമല്‍ ഒരുക്കുന്ന ചിത്രമെന്ന നിലയിലാണ് വിതരണക്കാരുടെ സംഘടന വിലക്ക് പ്രഖ്യാപിച്ചത്. 
നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 15ന്‌ സെല്ലുലോയ്ഡ് റിലീസ് ചെയ്യും. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സംഘര്‍ഷഭരിതങ്ങളായ ജീവിത മുഹൂര്‍ത്തങ്ങളുടെ പശ്ചാത്തലത്തില്‍ കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘സെല്ലുലോയ്ഡ്’.
പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, പുതുമുഖ നായിക ചാന്ദ്‌നി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.